Saturday, March 6, 2010

കുപ്രസിദ്ധ സ്വാമി നിത്യാനന്ദ കോഴഞ്ചേരിയില്‍ എത്തിയതായി അഭ്യൂഹം.

കുപ്രസിദ്ധ സ്വാമി നിത്യാനന്ദ കോഴഞ്ചേരിയില്‍ എത്തിയതായി അഭ്യൂഹം. ഇതേത്തുടര്‍ന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

വിവാദ വീഡിയോ പുറത്തുവന്നതോടെ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ നിന്നും മുങ്ങിയ സ്വാമി ഒളിച്ചു താമസിക്കാന്‍ കേരളത്തിലെ കോഴഞ്ചേരിയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിത്യാനന്ദയ്ക്ക് ഒട്ടേറെ അനുയായികള്‍ ഉണ്ട്.

വിദേശ മലയാളിയായ ഒരു യുവതിയുടെ നേതൃത്വത്തിലാണ് സ്വാമിയുടെ അനുയായികള്‍ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധമായ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവത്രേ.

എന്നാല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് സംഘാടകരുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിനാല്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ക്കായില്ല.

എങ്കിലും സ്വാമിയുടെ പേരില്‍ കണ്‍വന്‍ഷന്‍ നഗരിയില്‍ സ്‌റാളുകള്‍ നടത്തുകയും നിത്യാനന്ദയുടെ ഫോട്ടോയും പുസ്തകങ്ങളും പ്രസംഗങ്ങള്‍ അടങ്ങിയ സി.ഡികളും ഇവര്‍ വില്പന നടത്തിയിരുന്നു.